Friday 5 January 2018

സങ്കി

''സങ്കി,''
ഇസ്ലാമിക് സ്റ്റേറ്റിൻ്റെ വാളും അൽക്വൈദയുടെ ബോംബും ബൊക്കോ ഹറാമിൻ്റെ തോക്കും മനസ്സിലെ ഒളിയിടങ്ങളിൽ മറച്ചുവെച്ചവർ അയാൾക്ക് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

"ഇയാൾ മത വിരുദ്ധൻ,"
യേശുവിന്റെ ഇടത്തെയും വലത്തെയും  കുരിശുകളിൽ വെള്ളയടിച്ചും അതിലുറങ്ങിയിരുന്ന കള്ളന്മാരെ കറുപ്പിൽ മറച്ചും ഇടനെഞ്ചിലൊളിപ്പിച്ചവർ പല്ലിറുമ്മി.

''ഇവൻ പശുവിറച്ചി തിന്നുന്നവൻ,"
അടിച്ചു വീഴിച്ച് ഇടിച്ചു കൊല്ലുന്ന ഇരയുടെ പിടച്ചിലാസ്വദിക്കാൻ ചാതുർവർണ്യത്തിൻ്റെ കല്ലും കൊഴുവും ഉള്ളിലൊളിപ്പിച്ചു നടന്നവർ അയാൾക്കു നേരെ ചീറി.

"ഇയാൾ വർഗ്ഗ വഞ്ചകൻ,"
വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്തിറങ്ങിയവർക്കെതിരെ ഉതിർത്ത തീയുണ്ടകൾ ചിന്തയിലൊളിപ്പിച്ചർ ഇടതുവശത്തെ വഴിയടച്ചു.

"ഇയാളെന്തൊരു ശല്യം!"
ക്വാറികളിലെ വെടിമരുന്നും കായൽ നികത്താനുള്ള ചെമ്മണ്ണും തലച്ചോറിൽ ഒതുക്കിയവർ വലതു വശത്തെ വഴിയടച്ചു.

വൃദ്ധൻ്റെ കയ്യിലെ വെള്ളച്ചൂരൽവടി പ്രകാശിച്ചു. അടഞ്ഞ വഴികളെ ഇരുളിനു നൽകി പുതുവെളിച്ചത്തിൽ അയാൾ നടന്നു.
കിഴക്കൻ മലനിരകളും പടിഞ്ഞാറൻ കാറ്റും അയാൾക്ക് ഗതിവേഗമേറ്റി.
അയാൾ നടന്നു, കൊടുങ്കാറ്റിൻ്റെ കെട്ടുകളഴിക്കാൻ.
അയാൾ കുതിച്ചു, ഇടിമുഴക്കങ്ങൾക്ക് തീ കൊടുക്കാൻ.
നടക്കാനും കുതിക്കാനും അയാളുടെ വെള്ള ചൂരൽ വടി കൂട്ടുവിടാതെ എപ്പോഴും കൂടെ നീങ്ങി.
                 (*P.M.John*)